ന്യൂഡൽഹി: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകൾ മുന്നിൽക്കണ്ട് പഞ്ചാബ് ഉൾപ്പെടെ നാല് സംസ്ഥാനങ്ങളിലെ പാർട്ടി ഘടനയിൽ വൻ അഴിച്ചുപണി നടത്തി ബിജെപി. പഞ്ചാബ് ബിജെപിയുടെ പുതിയ സംസ്ഥാന അധ്യക്ഷനായി മുതിർന്ന ജാട്ട് സിഖ് നേതാവും വ്യവസായിയുമായ കേവൽ സിംഗ് ധില്ലനെ കേന്ദ്ര നേതൃത്വം നിയമിച്ചു. നിലവിലെ അധ്യക്ഷൻ സുനിൽ ജാക്കറിന്റെ കാലാവധി പൂർത്തിയാകുന്ന പശ്ചാത്തലത്തിലാണ് ഈ മാറ്റം.
കർഷക പ്രക്ഷോഭങ്ങൾക്കും ശിരോമണി അകാലിദളുമായുള്ള സഖ്യം തകർന്നതിനും ശേഷം, പഞ്ചാബിലെ ഗ്രാമീണ മേഖലകളിലും സിഖ് വോട്ടർമാർക്കിടയിലും സ്വാധീനം ഉറപ്പിക്കാൻ ഒരു സിഖ് മുഖത്തെ തന്നെ മുന്നിൽ നിർത്തണമെന്ന തന്ത്രമാണ് ബിജെപി ഇവിടെ പയറ്റുന്നത്. രാഷ്ട്രീയമായി ഏറെ നിർണായകമായ മാൽവ മേഖലയിൽ നിന്നുള്ള നേതാവാണ് ധില്ലൻ.
മുൻപ് കോൺഗ്രസിന്റെ മുതിർന്ന നേതാവും രണ്ടുതവണ ബർണാലയിൽ നിന്നുള്ള എംഎൽഎയുമായിരുന്ന കേവൽ സിംഗ് ധില്ലൻ, മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരിന്ദർ സിംഗിന്റെ അടുത്ത അനുയായിയാണ്. 2022-ലാണ് അദ്ദേഹം കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത്. തുടർന്ന് പാർട്ടിയുടെ സംസ്ഥാന വൈസ് പ്രസിഡന്റായി പ്രവർത്തിച്ചു വരികയായിരുന്നു. സംസ്ഥാനത്തെ പ്രമുഖ വ്യവസായി കൂടിയായ അദ്ദേഹം, പഞ്ചാബിലെ കാർഷിക-ഗ്രാമീണ മേഖലകളിൽ നല്ല സ്വാധീനമുള്ള നേതാവാണ്.
പഞ്ചാബിന് പുറമേ ഡൽഹി, ഹരിയാന, ത്രിപുര എന്നീ സംസ്ഥാനങ്ങളിലെ ബിജെപി അധ്യക്ഷന്മാരെയും കേന്ദ്ര നേതൃത്വം മാറ്റിയിട്ടുണ്ട്. കേന്ദ്രമന്ത്രി ഹർഷ് മൽഹോത്രയെ ഡൽഹി ബിജെപി അധ്യക്ഷനായും, ഡോ. അർച്ചന ഗുപ്തയെ ഹരിയാനയിലും, അഭിഷേക് ദേബ്രോയിയെ ത്രിപുരയിലും പുതിയ പാർട്ടി തലപ്പത്തേക്ക് നിയമിച്ചു. വരാനിരിക്കുന്ന നിർണായക തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി പ്രാദേശിക നേതൃത്വങ്ങളെ കൂടുതൽ ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീന്റെ നേതൃത്വത്തിൽ ഈ അഴിച്ചുപണി നടത്തിയത്.